കരിന്തളം: ബസിൽ വീണുകിട്ടിയ തുക ഉടമസ്ഥനെ കണ്ടെത്തി തിരികെ നൽകി ജീവനക്കാരുടെ മാതൃക. പരപ്പ-വരഞ്ഞൂർ-നീലേശ്വരം-വാഴുന്നോറടി റൂട്ടിൽ സർവീസ് നടത്തുന്ന ഭഗവതി ബസിൽ നിന്നാണ് വെളളിയാഴ്ച ഉച്ചയോടെ 16,000 രൂപ വീണുകിട്ടിയത്.
ബസ് ജീവനക്കാരായ കരിന്തളം കോയിത്തട്ടയിലെ മനോജ്, ബിരിക്കുളത്തെ വൈഷ്ണവ് എന്നിവരുടെ നേതൃത്വത്തിൽ വാട്സാപ്പ് ഗ്രൂപ്പുകളിലും മറ്റും വിവരം നൽകി വ്യാപകമായ അന്വേഷണം നടത്തിയാണ് രാത്രിയോടെ ഉടമസ്ഥനെ കണ്ടെത്തിയത്.
പരപ്പയിൽ കട നടത്തുന്ന ചായ്യോം സ്വദേശിയുടെ കൈയിൽനിന്നായിരുന്നു പണം നഷ്ടപ്പെട്ടത്. ഇന്നലെ രാവിലെ ബസ് പരപ്പയിലെത്തിയപ്പോൾ ജീവനക്കാർ ഉടമസ്ഥനെ നേരിൽ കണ്ട് പണം കൈമാറി. രണ്ടുമാസം മുമ്പ് ഇതേ ബസിൽ നിന്ന് പണമടങ്ങിയ പഴ്സ് ലഭിച്ചപ്പോഴും ഉടമയെ കണ്ടെത്തി തിരിച്ചുനൽകാൻ കഴിഞ്ഞിരുന്നതായി ജീവനക്കാർ പറഞ്ഞു.